This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാഫ്റ്റ് പ്രക്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാഫ്റ്റ് പ്രക്രിയ

Kraft process

പേപ്പര്‍പള്‍പ്പ് നിര്‍മിക്കാനുപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു രാസപ്രക്രിയ. പള്‍പ്പ് നിര്‍മിക്കാനുപയോഗിക്കുന്ന സള്‍ഫൈറ്റ് പ്രക്രിയ, സോഡാ പ്രക്രിയ എന്നിവയെ അപേക്ഷിച്ച് ക്രാഫ്റ്റ് പ്രക്രിയയ്ക്കുള്ള മെച്ചം കൂടുതല്‍ ബലമുള്ളതും വിലകുറഞ്ഞതുമായ കടലാസ് കിട്ടുമെന്നുള്ളതാണ്. ബലമുള്ളത് എന്നര്‍ഥം വരുന്ന ജര്‍മന്‍-സ്വീഡിഷ് പദത്തില്‍നിന്നാണ് ഈ രാസപ്രക്രിയയ്ക്കു ക്രാഫ്റ്റ് പ്രക്രിയ എന്ന പേരുണ്ടായത്. ഈ പ്രക്രിയ ഉപയോഗിച്ചു നിര്‍മിക്കുന്ന പള്‍പ്പിന് ക്രാഫ്റ്റ് പള്‍പ്പ് എന്നും അതില്‍ നിന്നുണ്ടാകുന്ന കടലാസിന് ക്രാഫ്റ്റ് പേപ്പര്‍ എന്നും പറയുന്നു. പൈന്‍പോലുള്ള മരങ്ങളെ കാസ്റ്റിക് സോഡ, സോഡിയം സള്‍ഫേറ്റ്, സോഡിയം കാര്‍ബണേറ്റ്, സോഡിയം സള്‍ഫൈഡ് എന്നിവ കലര്‍ന്ന മിശ്രിതം ചേര്‍ത്ത് തിളപ്പിച്ചാണ് ഈ പ്രക്രിയയില്‍ പള്‍പ്പ് ഉണ്ടാക്കുന്നത്. ഇതില്‍ സോഡിയം സള്‍ഫേറ്റും ഉപയോഗിക്കപ്പെടുന്നതുകൊണ്ട് ഇതിനു സള്‍ഫേറ്റ് പ്രക്രിയ എന്നും പേരുണ്ട്.

സി.എഫ്. ഡാല്‍ എന്ന ജര്‍മന്‍ രസതന്ത്രജ്ഞന്‍ തുടക്കം കുറിച്ച (1884) ഈ പ്രക്രിയ വഴി കിട്ടുന്ന പള്‍പ്പ് കറുത്ത നിറമുള്ളതായിരുന്നു എന്നതുകൊണ്ട് ആദ്യകാലങ്ങളില്‍ ഈ രീതിക്ക് പ്രചാരം കുറവായിരുന്നു. ബ്ലിച്ച് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അജ്ഞാതമായിരുന്നതുകൊണ്ട് ഈ പള്‍പ്പില്‍ നിന്നുണ്ടാക്കിയ പേപ്പര്‍ നല്ല ബലമുള്ളതായിരുന്നെങ്കിലും ഭംഗി തീരെ കുറഞ്ഞതായിരുന്നു. 1930-നുശേഷം ബ്ലിച്ച് ചെയ്യാനുള്ള സങ്കേതം വികസിപ്പിച്ചെടുത്തതോടെ ക്രാഫ്റ്റ് പ്രക്രിയയുടെ പ്രാധാന്യമേറി. ഏതാണ്ട് പത്തു വര്‍ഷത്തിനകം ഇത് പള്‍പ്പ് നിര്‍മാണ പ്രക്രിയകളില്‍ ഒന്നാം സ്ഥാനം നേടി.

മറ്റു പള്‍പ്പ് നിര്‍മാണ പ്രക്രിയകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത പല മരങ്ങളും ക്രാഫ്റ്റ് പ്രക്രിയയില്‍ ഉപയോഗിക്കാന്‍ കഴിയും. ഉദാ. പൈന്‍. കറ വളരെ കൂടുതലായ പൈന്‍ ക്രാഫ്റ്റ് പ്രക്രിയ ഉപയോഗിച്ച് പള്‍പ്പാക്കുമ്പോള്‍ കറയില്‍നിന്നുണ്ടാകുന്ന റെസിന്‍ വിലപ്പെട്ടൊരു ഉപോത്പന്നമായി കിട്ടുന്നു. ക്രാഫ്റ്റ് പ്രക്രിയ ഇപ്രകാരം വിവരിക്കാം: ചെറു കഷണങ്ങളാക്കി മുറിച്ച തടി ഉരുക്കുകൊണ്ടുണ്ടാക്കിയ 'ഡൈജെസ്റ്ററു'കളിലിടുന്നു. ക്ഷാരഗുണമുള്ള ഗാഢലായനി അതില്‍ ഒഴിച്ച് ഒരു നിശ്ചിത സമയം ചൂടാക്കുമ്പോള്‍ പള്‍പ്പ് രൂപപ്പെട്ടുവരും. രണ്ടുതരം ഡൈജെസ്റ്ററുകളുണ്ട്; ബാച്ച് ഡൈജെസ്റ്ററുകളും, പള്‍പ്പ് രൂപപ്പെടുത്തല്‍ പ്രക്രിയ തുടര്‍ച്ചയായി നടത്തുന്ന ഡൈജെസ്റ്ററുകളും. തുടര്‍ച്ചയായി പള്‍പ്പ് രൂപപ്പെടുത്താന്‍ കഴിവുള്ള ഡൈജെസ്റ്ററുകളാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. 60 മീറ്ററിലധികം പൊക്കമുള്ള ഇത്തരം ഡൈജെസ്റ്ററുകളില്‍ മുകളിലെ ദ്വാരത്തിലൂടെ തടിക്കഷണങ്ങളിടുകയും ക്ഷാരലായനി ഒഴിക്കുകയും ചെയ്യും. 600 ടണ്ണിലധികം പള്‍പ്പ് നിര്‍മിക്കാന്‍ ഈ ഡൈജെസ്റ്ററിനു ശേഷിയുണ്ട്.

പള്‍പ്പ് നിര്‍മിച്ചശേഷം ഡൈജെസ്റ്ററുകളില്‍നിന്നു പുറത്തുകളയുന്ന ദ്രാവകത്തില്‍ ധാരാളം സോഡിയം ലവണങ്ങളുണ്ടാകും. ആ ദ്രാവകം പാഴാക്കിക്കളയുന്നതുമൂലമുള്ള നഷ്ടം ഒഴിവാക്കാനും ഈ പ്രക്രിയ പരമാവധി ലാഭകരമാക്കാനും പുറത്തുകളയാനുള്ള ദ്രാവകത്തില്‍ നിന്നു സോഡിയം ലവണങ്ങള്‍ വേര്‍തിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍